Saturday, May 23, 2009

ഓര്‍മ്മകള്‍ കഥ പറയാതിരിക്കട്ടെ.......



ഓര്‍മകളില്‍
.....

നെടുനീളന്‍ ഇടനാഴികളിലെ
നിലക്കാത്ത വളകിലുക്കങ്ങളും
മുഖങ്ങളില്ലാതെ ചിരിക്കുന്ന
ഇന്നലെയുടെ പ്രേതങ്ങളും മാത്രം...

പ്രണയത്തിന്റെ വിയര്‍പ്പുണങ്ങിയ
തഴുതിടാത്ത കുടുസ്സു മുറികളില്‍
പുകച്ചു തീര്‍ത്ത ജീവിതങ്ങള്‍
പകയോടെ തുറിച്ചു നോക്കുന്നു....

വിണ്ടുപൊളിഞ്ഞ ഇടമതിലുകളില്‍
സമരവീര്യതാല്‍ കീറിമുറിച്ച
സിദ്ധാന്തങ്ങളും നിഗമനങ്ങളും
മിഥ്യയെന്ന് തെളിയിച്ചത്
കാലം കരുതി വച്ച യാതനകള്‍ ...

സ്വപ്നങ്ങളുടെ വ്യാപാരത്തില്‍
‍കൊരുത്തമരുപ്പച്ചയില്‍ നിന്ന്,
സൌഭാഗ്യങ്ങളുടെകൂടാരത്തിലേക്ക്‌
ചേക്കേറുമ്പോള്‍ , സഹനത്തിന്റെ,
ത്യാഗത്തിന്റെ കഥകള്‍ക്കപ്പുറം
ഒരു വികാര ശമനത്തിന്റെ
അറക്കുന്ന കഥ പറയേണ്ടി വരുന്ന ആത്മനിന്ദ !!!
ഓര്‍മ്മകള്‍ കഥ പറയാതിരിക്കട്ടെ.......






പ്രണയകാലം



















മരവിച്ച മനസ്സിലെ മഞ്ഞുരുക്കാന്‍
ഇലഞ്ഞിപ്പൂമണമുള്ള രാവുകളിലെ
നിലാവൊഴികിയ വഴിത്താരകളിലേക്ക്
പ്രണയാര്‍ദ്രമായൊരു മടക്കയാത്ര...!
 
വിധിയൊരുക്കിയ തിരശീലക്കിപ്പുറം,
വിരഹനോവിന്റെ
ഉണങ്ങാവ്രണങ്ങളിലേക്ക്
കൺതുറന്ന രാത്രികളിലും
ഉപചാരം ചൊല്ലാതെ 
സന്ധ്യാകാശത്തിലേക്കിറങ്ങിപ്പോയ 
നരച്ച പകലുകളിലും
നിനക്കായ് ഞാൻ കാത്തിരുന്നു.


വ്യവസ്ഥിതിയുടെ കടുംകെട്ടില്‍
കരിന്തിരിയെരിഞ്ഞ കൂട്ടുകാരി,
നിന്‍റെ നെറുകയിലണിഞ്ഞ
സിന്ദൂര ശോണിമയിലെന്റെ
ഹൃദയ രക്തത്തിന്റെ
കിനിവ് നീയറിഞ്ഞുവോ?

മനസ്സിന്റെ ഊഷരതയിലേക്ക്
വീണ്ടുമെത്തിയ മേഘമല്‍ഹാര്‍ ...
നീയെന്‍റെ ജീവന്‍റെ പ്രകാശമായിരുന്നു
പ്രണയത്തിന്‍റെ സാഗരനീലിമ
കണ്ണിലൊളിപ്പിച്ചകൂട്ടുകാരി,,
നിനക്കൊരായിരം നന്ദി
ഒരു പൂക്കൂട നിറയെ
ചുടുചുംബനങ്ങളും.......








Wednesday, May 20, 2009












മറക്കാതിരിക്കാന്‍....

ഇനിയും മറക്കാതിരിക്കാന്‍
ഓര്‍മയുടെ കയങ്ങളില്‍
ബന്ധ ബന്ധനങ്ങളുടെ
പിണഞ്ഞു പിഞ്ഞിയ നൂലെറിഞ്ഞു
യുഗങ്ങളേറെ കാത്തിരിക്കാം

ഇനിയുമൊരു പ്രണയകാലത്തില്‍
ഒരു വസന്തമായ്‌ നീയെത്തുമ്പോള്‍
ഈറന്‍ കിനാവുകളിലെ
കാമുകനായി രാപ്പാര്‍ക്കാം

പെരുമഴയിലൊരു കുടക്കീഴില്‍
നനഞ്ഞൊട്ടിയ നഗരം കാണാം
താഴ്വരയിലെ പൂന്തോപ്പുകളില്‍
കണ്ണാരം പൊത്തിക്കളിക്കാം

മഞ്ഞു പെയ്യുന്ന രാവുകളില്‍
പുതപ്പിനുള്ളില്‍ വിരുന്നൊരുക്കി
നുണക്കുഴികളില്‍ മധു പകര്‍ന്നു
കല്പാന്ത കാലത്തോളം ഒന്നിച്ചുറങ്ങാം
                                                                                                ഓര്‍മകളില്‍ നിലാവ് പെയ്തു
                                                                                                നീയണയുന്നതും കാത്ത്,
                                                                                                സഹന പര്‍വത്തിന്റെ നുകവും പേറി
                                                                                                സമാന്തരങ്ങളിലേക്ക് യാത്ര തുടരുന്നു ഞാന്‍