Monday, May 31, 2010



ദാരിദ്യത്തിന്റെ സാധ്യതകള്‍

കരളില്‍ കൊളുത്തിയ
ദൈന്യതയുടെ നങ്കൂരം
കടപുഴക്കിയെടുക്കാം
ഇനിയും താണ്ടുവാനുള്ള
ദൂരത്തെയോര്‍ത്ത്, തിരക്കോടെ
തിരിഞ്ഞു നോക്കാതെ നടക്കാം

പുളിച്ച കഞ്ഞിയുടെ തികട്ടിയ ഗന്ധം
വാരിവലിച്ചുണ്ണുന്നവരെ നോക്കി
മൂക്ക് പൊത്തി ഓക്കാനിക്കാം,
വായില്‍ കയ്യിട്ടു ചര്‍ദ്ദിക്കാം !

വറുതിയുടെ കുത്തിക്കീറലുകളിലൂടെ
ചടച്ച നഗ്നത കണ്ടാസ്വദിക്കാം
രാവിന്‍റെ മറവില്‍ പതുങ്ങിയിഴഞ്ഞു
പുളിച്ച മാംസത്തില്‍ വിഷപ്പല്ലിറക്കാം
വിശപ്പൊടുങ്ങാത്ത മാറാപ്പിലേക്ക്
ആരൂപിയുടെ വിത്ത് വിതക്കാം
അവസരമൊത്താല്‍ കീറത്തുണിയിലെ
ചില്ലറ വാരിയെടുത്തോടിയൊളിക്കാം

ചടച്ചുണങ്ങിയ ദരിദ്രബാല്യങ്ങളെ
ക്യാമറയിലാക്കി ബ്ലോഗില്‍ പൊലിപ്പിച്ച്
ലോകത്തിനു വിറ്റു കാശാക്കാം
നാല്‍ക്കവലയില്‍, നാലാള്‍ക്കൂട്ടത്തില്‍
മാന്ദ്യത്തെ ചൊല്ലി തര്‍ക്കിച്ചൊടുവില്‍
കൂട്ടത്തില്‍ നല്ലവനായീടാം,

എണ്ണിയാലൊടുങ്ങാത്ത സാധ്യതകളുമായി
തഴച്ചു വളരുകയല്ലേ ദാരിദ്ര്യം !

Saturday, May 15, 2010



മൂട്ടകള്‍

തുണി മടക്കുകളിലെ
ചൂടുള്ള താഴ്വരയില്‍
പുതിയ ബീജങ്ങള്‍ക്കടയിരിക്കുന്ന
ജ്വരമൂര്‍ച്ചയുള്ള പെണ്ണേ,
നിന്റെ ബീജങ്ങള്‍ക്ക്
ജീവന്‍ കുരുക്കുമ്പോള്‍
ജനി മൃതികളുടെ കണക്കെടുപ്പില്‍
അക്കങ്ങള്‍ പെരുകുമ്പോള്‍
ഭയപ്പെടേണ്ട,
ഞാന്‍ നിന്നോട് കൂടെയുണ്ട്
ഇതെന്റെ മാംസമാകുന്നു
ഇതെന്റെ രക്തവും
മതിയാവോളം ഭക്ഷിപ്പിന്‍
കുടിച്ചുന്മത്തരാകുവിന്‍ !
നിന്റെ കുരുന്നുകള്‍ക്ക്
മുലയൂട്ടാന്‍ എന്റെ ജീവരക്തം
കവര്‍ന്നെടുത്തു പാനം ചെയ്യുക
എന്റ രക്തം പിന്തുടര്‍ച്ചകളിലൂടെ
ജനിതക ഗോവണിയുടെ പിരിയന്‍ -
പടികളില്‍ അര്‍ബുദമായി പടരട്ടെ
മൂട്ടകള്‍ നശിക്കട്ടെ .............!!!!!