Saturday, September 11, 2010

എന്‍റെ പ്രണയം




























കൊല്ലപ്പരീക്ഷയെഴുതാന്‍
അലൂമിനിയപ്പെട്ടിയില്‍
നിധിപോലെ കാത്തുവച്ച
ഈര്‍ക്കിലി പെന്‍സിലോളം
നിന്നെയെനിക്കിഷടമായിരുന്നു

ഗോട്ടി ചത്വരത്തില്‍ നിന്ന്‍
ഓട്ടിയും, അടുപ്പയുമറിയാതെ
ഗോട്ടിയെ റാഞ്ചിപ്പറക്കുന്ന
എന്‍റെ വെള്ളപ്പളുങ്കു വക്കനോളം
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു

ബോഗൻ വില്ലകൾ പൂവിട്ട
നിൻറെ വീട്ടുപടിക്കലൂടെ
കാലെത്താത്ത
സെക്ക ളോട്ടുമ്പോൾ
മനസ്സു നിറയെ
ടൈറ്റാനിക്കായിരുന്നു

കെമിസ്ട്രി ലാബിനു പിന്നിലെ
വാകമര ചോട്ടില്‍
ഒരു കൂട പൂക്കളുമായി
ഖലീൽ ജിബ്രാന്റെ കവിതകളിലൂടെ
നിന്നോടിഷ്ടം പറയാൻ
കാത്തിരുനന കൗമാരം

കനത്ത പുറം ചട്ടകളുള്ള
പുസ്തകങ്ങളുടെ മറവിൽ
ചുണ്ടുകളുടെ സാമീപ്യമറിഞ്ഞ
പൊടിപിടിച്ച വായനശാലയിൽ
ഇനിയും നീ  വരുമെന്നുറച്ചു
പുസ്തകങ്ങൾക്കിടയിൽ
തല പൂഴ്ത്തിയ യൗവനം

മര്കസും ലെനിനും
ചെഗുവേരയും കൊളുത്തിയ
വിപ്ലവത്തിന്റെ തീപന്തവുമായി
പോരിനിറ ങ്ങിയ പെണ്ണൊരുത്തിയെ
പ്രണയിച്ചു തോൽപ്പിച്ച ഇലക്ഷൻ രാവുകൾ

വിരസതയുടെ മാറാല കനത്ത
തൊഴിലില്ലായ്മയുടെ വരണ്ട ദിനങ്ങളിൽ
നിരാശയുടെ മണല്‍പരപ്പില്‍
ചാരെയൊരു മരുപ്പച്ചയുടെ
സ്വാന്തനമായി നീയുണ്ടായിരുന്നു

പിന്നെയെപ്പോഴോ
ആരോരുമറിയാതെന്‍
ഇടനെഞ്ചിലുറങ്ങുന്ന
ഒരു കൊച്ചു നൊമ്പരമായി
നീ മാറിയപ്പോൾ

കാലമേറെ കഴിഞ്ഞിട്ടും
രാത്രിയുടെ മൂകതയിൽ
ഓര്‍മ്മകള്‍ പൂക്കുമ്പോള്‍
ഹൃദയഭിത്തിയില്‍ നീറുന്ന
മൗനമായി നീ ....വീണ്ടും