Thursday, February 8, 2018

ഉത്തരാധുനികം 

നിന്‍റെ വിരലുകളെ സ്പര്‍ശിച്ചു
ഒരു നദിയായൊഴുകുമ്പോള്‍
തീരയാര്‍ത്തടിക്കുന്ന
ഓളപ്പരപ്പുകളില്‍
നീയെന്‍റെ സ്വപ്നങ്ങളെ
തല്ലിയുലച്ചു....

വാഗ്ദത്ത ഭൂമിയില്‍ 
ദാനമായ്‌ നല്‍കിയ
പ്രണയത്തിന്റെ പ്രമാണം

ഭൌതീക സുഖങ്ങളുടെ
മണി മേടയില്‍ നീ മറന്നു വച്ചു

സിരകളില്‍ ഉന്മാദമുണര്‍ത്തിയ
കുതൂഹലങ്ങള്‍ക്ക്‌ കൂട്ടിരിക്കാന്‍
ഒരു വ്യാഴവട്ടം കൊണ്ടു
കൊരുത്തൊരുക്കിയ ജീവിതം
പണയപ്പെടുത്തിയിട്ടും


എന്‍റെ ബീജങ്ങള്‍ക്ക് വളരാന്‍
കൊഴുത്ത ആടയാഭരണങ്ങള്‍ക്കുള്ളിലെ
ഗര്‍ഭാശയത്തിലിടം നല്‍കാതെ
ചവിട്ടിയരച്ചു കളഞ്ഞ സംസ്കാരത്തെ
ഉത്തരാധുനികമെന്നു വിളിക്കട്ടെ..

അവർ



അവർ

എന്റേതെന്നും നിന്റേതെന്നും 
വേർതിരിവിന്റെ ശാഖകൾ
നാടുനീളെ ചൊല്ലിപ്പഠിപ്പിച്ചു 
'നമ്മുടെ'തെന്ന വാക്കിനെ 
കൊത്തിക്കീറി ചുടലയിൽവെച്ച
ശവം തീനികൾ

അവകാശികളില്ലാത്ത 
കബന്ധങ്ങളുടെ 
പഴുത്തളിഞ്ഞ കുടൽ ഭുജിച്ച്,
പുറകോട്ട് മാത്രം 
നടക്കാനറിയുന്ന
ഞണ്ടുകൾ നയിക്കുന്ന 
ചെന്നായ്ക്കൂട്ടം!

സംസ്കാരപ്പെരുമയുടെ  
വൈവിധ്യങ്ങളിൽ 
കൊടിനാട്ടിയൊരു ജനതയെ, 
വർഗീയതയുടെ
കറുപ്പ് കലക്കിയ
ഭാംഗ് കൊടുത്ത് 
മതങ്ങളുടെ തുരുമ്പിച്ച 
തുടലിൽ തളച്ചിട്ട് 
വരിയുടച്ചൊരു
കിഴവനെക്കൊണ്ട് 
തലങ്ങും വിലങ്ങും 
ഭോഗിച്ച് രസിക്കുന്നവർ.

അടുക്കളത്തിണ്ണയിൽ
പെറ്റമ്മ വിളമ്പിയ 
പ്രാരാബ്ധ കഞ്ഞിയിൽ
നഞ്ച് കലക്കുവാൻ
അവരെത്തുമ്പോൾ 
കണ്ണീരുപ്പുകൊണ്ട്
പശിയടക്കുന്നവരുടെ
രോദനം കേൾക്കാതെ
ഇനിയെത്ര കാലം
മൗനത്തിൻ്റെ 
വാത്മീകത്തിലൊളിക്കും.

അക്ഷരങ്ങളെ ഭയന്ന്
ജ്വലിക്കുന്ന തൂലികൾക്ക് 
തീയിടുന്നവരെ....

കവിതകൾ കേട്ട
കാതുകളിൽ
ഈയമോഴുക്കുന്നവരെ...

തിരിച്ചു കറങ്ങാനാകാത്ത
ചുറ്റിത്തിരിയലുകളൊന്നും
ഭൂമിയിലടയാളപ്പെടുത്തിയിട്ടില്ലെന്ന് 
നിങ്ങളോർക്കുക!!!

ചുഴിയിടങ്ങളിൽ നിന്നും 
വിപ്ലവ കാഹളങ്ങൾ 
മുഴങ്ങിത്തുടങ്ങിയെന്ന് 
നിങ്ങളറിയുക!!

ഒളിയിടങ്ങളിലെ
നിക്ഷേപങ്ങളുമായി
ചരിത്രം കാത്തിരിക്കുന്നു...